മാനന്തവാടി: റോഡ് നിര്‍മാണത്തിനിടെ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രനാ(66)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്റ്റേഷന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു.
മാനന്തവാടി-കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തിക്കിടെയാണ് സംഭവം. സുരേന്ദ്രന് ഓടിച്ച ടാങ്കറില്‍ നിന്ന് ഡീസലെത്തിച്ച് മറ്റ് വാഹനങ്ങളില്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ആറു വര്‍ഷത്തോളമായി ഏറനാട് കണ്‍സ്ട്രക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശ്രീലത. മകന്: നീബീഷ്.