സുരേഷ് ഗോപിക്കും സഹോദരനുമെതിരെ വീണ്ടും പരാതി നല്‍കി ടി എന്‍ പ്രതാപന്‍. കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, സംസ്ഥാന ഇലക്ഷന്‍ കമ്മീഷനുമാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിക്കെതിരെയും സഹോദരനെതിരെയുമാണ് പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുവെന്നും തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ നല്‍കിയ പരാതിയില്‍ തൃശൂര്‍ എസിപിയാണ് അന്വേഷണം നടത്തുക. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ വോട്ടുചേര്‍ത്തുവെന്നും വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ആണ് ടി എന്‍ പ്രതാപന്റെ പരാതി.
സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് ബിജെപിയുടെ മറുപടി.
തന്റെ മേല്‍വിലാസത്തില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന തൃശൂര്‍ പൂങ്കുന്നത്തെ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ശരിവച്ചിട്ടുണ്ട്. തൃശൂരിലും ആലത്തൂരിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിരുന്ന ആര്‍എസ്എസ് നേതാവ് ഷാജി വരവൂര്‍ വിശദീകരണവുമായി രംഗത്തെത്തി. കൊല്ലത്തും തൃശൂരിലും വോട്ടുണ്ടായിരുന്ന സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപി തൃശൂരിലാണ് വോട്ട് ചെയ്തത്.