മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കുറ്റം സുപ്രീം കോടതി റദ്ദാക്കി

 

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. പരാതിക്കാരന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതി ഉത്തരവ്

ഒരു ഉത്തരവുണ്ടാകുന്നതുവരെ ദുവക്കെതിരെ നടപടിയെടുക്കുന്നത് കഴിഞ്ഞ ജൂലൈയിൽ കോടതി വിലക്കിയിരുന്നു. ബിജെപി നേതാവ് അജയ് ശ്യാം നൽകിയ പരാതിയെ തുടർന്നാണ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

വോട്ട് നേടാൻ നരേന്ദ്രമോദി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചുവെന്ന് ദുവ യൂട്യൂബ് ചാനൽ ഷോയിൽ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരുന്നത്. തുടർന്നാണ് പോലീസ് രാജ്യദ്രോഹം, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്.