കണ്ടൈൻറ്മെൻറ് സോൺ: അമ്പലവയൽ പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം

 

അമ്പലവയൽ: കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമങ്ങൾ വഴിയും, ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ എന്നിവർ അറിയിച്ചു. കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നതിനനുസരിച്ച്, സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതിന് മെഡിക്കൽ ഓഫീസർ ശുപാർശ നൽകുന്ന പക്ഷം ആയത് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കുകയും കളക്ടറുടെ നിർദ്ദേശം പ്രകാരം കണ്ടൈൻറ്മെൻറ് സോൺ സംബന്ധിച്ച് തീരമാനങ്ങൾ കൈക്കൊള്ളുകയുമാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ പറഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള മാനദണ്ഡങ്ങളിൽ നിന്ന് അമ്പലവയൽ പഞ്ചായത്തിന് മാത്രമായി ഇളവുകൾ അപ്രായോഗികമാണെന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ കോവിഡ് മാനദണ്ഡപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു വാർഡിൽ 10 കോവിഡ് പോസിറ്റീവ് രോഗികൾ ഉണ്ടെങ്കിൽ ആ വാർഡ് കണ്ടൈൻറ്മെൻറ് സോൺ ആയി പ്രഖ്യാപിക്കണമെന്നാണ് ചട്ടം. പഞ്ചായത്തിലെ 50% ൽ കൂടുതൽ വാർഡുകൾ കണ്ടൈൻറ്മെൻറ് സോണുകൾ ആണെങ്കിൽ പഞ്ചായത്ത് കണ്ടൈൻറ്മെൻറ് സോൺ പരിധിയിൽ വരികയും ചെയ്യും. നിലവിലെ കണക്കുകൾ പ്രകാരം അമ്പലവയൽ പഞ്ചായത്തിലെ 11 വാർഡുകൾ കണ്ടൈൻറ്മെൻറ് സോണായി തുടരുകയാണ്. കൂടാതെ പഞ്ചായത്തിലെ ചില പട്ടികവർഗ്ഗ കോളനികളിൽ രോഗവ്യാപനം കൂടുതലായതിനാൽ 6 ക്ലസ്റ്ററുകളായി തിരിച്ചാണ് നിലവിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നത്. വസ്തുത ഇതായിരിക്കെ, പഞ്ചായത്ത് തലത്തിൽ കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ വാർത്തകൾ മനഃപൂർവം പ്രചരിപ്പിക്കുന്നാതായി ശ്രദ്ധയിൽ പെട്ടിട്ടുണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെയും, വ്യാപാരി – വ്യവസായികളുടെ പ്രതിനിധികളും പങ്കെടുത്ത സർവ്വ കക്ഷി യോഗമാണ് അമ്പലവയൽ പഞ്ചായത്തിൽ ലോക്ക് ഡൌൺ കർശനമാക്കുന്നതിന് ജില്ലാ കലക്ടറോട് ശുപാർശ ചെയ്തത്. കർശനമായ ലോക്ക് ഡൌൺ ഫലം കണ്ടു എന്നത് തന്നെയാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നതും. കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ട് ഉയരുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിലും, വാർത്തകളിലും ജനങ്ങളും, വ്യാപാരി സുഹൃത്തുക്കളും വീണുപോകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.