ആവശ്യം വന്നപ്പോൾ സമീപിച്ചു, പിന്നെ തള്ളിപ്പറയുന്നു: വി ഡി സതീശനെതിരെ എൻ എസ് എസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മത സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ പ്രതിപക്ഷ നേതാവ് വിമർശിക്കുന്നു. കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും സൊസൈറ്റി ജനറൽ സെക്രട്ടറി ചോദിച്ചു

പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയണം. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത സാമുദായിക സംഘടനകൾക്കുണ്ടെന്ന് സുകുമാരൻ പറഞ്ഞു

തെരഞ്ഞെടുപ്പിൽ വി ഡി സതീശൻ എൻ എസ് എസ് ആസ്ഥാനത്ത് എത്തി സഹായം തേടിയിരുന്നു. താലൂക്ക് യൂനിയൻ നേതൃത്വത്തെയും കരയോഗം നേതൃത്വങ്ങളെയും നേരിൽ കണ്ട് അദ്ദേഹം സഹായം തേടി. വോട്ടെടുപ്പ് ദിവസം എൻഎസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല. ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല.

മുന്നണികളോടും പാർട്ടികളോടും എൻഎസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കും. തെറ്റായ കാര്യങ്ങളിൽ നിലപാട് പറയുമെന്നും സുകുമാരൻ പ്രസ്താവനയിൽ പറഞ്ഞു.