കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഈ മാസം കൊവിഡ് ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാരിന്റെ നിർദേശം. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നിർദേശം നൽകി
കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയർന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനക്കും സൗകര്യമൊരുക്കണം
ഈ മാസം 31 വരെ സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് മറ്റൊരു നിർദേശം. അടിയന്തര ചികിത്സ ആവശ്യമായവർക്ക് മാത്രമായി ഇത്തരം ആശുപത്രികളിൽ സേവനവും ചികിത്സയും പരിമിതപ്പെടുത്തണം. കിടപ്പുരോഗികൾക്ക് കൊവിഡ് ബാധിച്ചാൽ വീടുകളിൽ ഓക്‌സിജൻ കോൺസെന്ററേറ്ററുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ഒ പി ആരംഭിക്കണം. ഓക്‌സിജൻ കിടക്കകളും ഐസിയുവും കുറഞ്ഞത് 50 ശതമാനമായി വർധിപ്പിക്കാനും സർക്കാർ നിർദേശിച്ചു.