തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ മാത്രം മതിയെന്ന ചര്‍ച്ച സജീവമാകുന്നു. ഒരു വിഭാഗം കെകെ ശൈലജയ്‌ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം എന്ന തീരുമാനം പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുടെ വലിയൊരു നിര തന്നെ വേണമെന്നാണ് ആവശ്യം. അതേസമയം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ തന്നെ ഈ നീക്കങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്കും വലിയ നിര കാത്തിരിക്കുന്നുണ്ട്.
കംപ്ലീറ്റ് പുതുമുഖങ്ങള്‍
സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാവട്ടെ എന്നായിരുന്നു നിര്‍ദേശം. ഇത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചിലരെ ലക്ഷ്യമിട്ട് വന്നതായിരുന്നു. മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെ ചൊല്ലി നേരത്തെ നടന്ന നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. ശൈലജയെ മന്ത്രിസഭയില്‍ നിന്ന് നീക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന.
രണ്ട് ടേം നിബന്ധന അംഗീകരിക്കപ്പെട്ടതിന് തെളിവാണ് വിജയമെന്നും, ആ മാതൃകയില്‍ മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുങ്ങളാവട്ടെ എന്നായിരുന്നു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശം. ഇതിലെ അപകടം മനസ്സിലാക്കിയ മുഖ്യമന്ത്രി തന്നെ ഈ ചര്‍ച്ചയ്ക്ക് വിലങ്ങിട്ടുവെന്നാണ് സൂചന. ശൈലജയെ മാത്രമല്ല, മന്ത്രി എസി മൊയ്തീനെയും മന്ത്രിസഭയ്ക്ക് പുറത്താക്കുക എന്നായിരുന്നു ലക്ഷ്യം. പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രിയ മന്ത്രിയായിരുന്നു ശൈലജ. പാര്‍ട്ടിക്കുള്ളില്‍ അവരെ മാറ്റുന്നതിനോട് ആര്‍ക്കും യോജിപ്പില്ല.
കെടി ജലീല്‍ ഇത്തവണ സ്പീക്കറായേക്കുമെന്നാണ് സൂചന. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ജലീല്‍. എന്നാല്‍ പിണറായിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം മത്സരിച്ചത്. ശ്രീരാമകൃഷ്ണന് പകരം ജലീല്‍ വരണമെന്നാണ് സിപിഎമ്മിലെ ആവശ്യം. പകരം മലപ്പുറത്ത് നിന്ന് ഒരു മന്ത്രിയുണ്ടാവും. അത് അബ്ദുറഹ്മാനാവാനാണ് സാധ്യത. എന്നാല്‍ ജലീലിന്റെ ഭൂരിപക്ഷം കുറഞ്ഞത് ഇത്തവണ മന്ത്രിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന. പിവി അന്‍വറിന് പകരമായിരിക്കും അബ്ദുറഹ്മാനെ പരിഗണിക്കുന്നത്.
എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മുസ്ലീം ലീഗ് കോട്ടയായ കളമശ്ശേരി പിടിച്ച പി രാജീവിന് മന്ത്രിസ്ഥാനം തന്നെ നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുണ്ട്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയാണ് അദ്ദേഹം എന്ന പേരുമുണ്ട്. എംവി ഗോവിന്ദന്‍ അടക്കമുള്ളവര്‍ പിണറായിയുമായി അടുപ്പമുള്ള നേതാക്കളാണ്. നേരത്തെ തന്നെ ഇവര്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു
വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, പിപി ചിത്തരഞ്ജന്‍, സജി ചെറിയാന്‍, പി നന്ദകുമാര്‍, സിഎച്ച് കുഞ്ഞമ്പു, വീണാ ജോര്‍ജ്, എംബി രാജേഷ്, കാനത്തില്‍ ജമീല, ആര്‍ ബിന്ദു, എഎന്‍ ഷംസീര്‍, കെടി ജലീല്‍ എന്നീ പേരുകളാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ ഒരാളെയാണ് സ്പീക്കറായും പരിഗണിക്കുന്നത്. അതില്‍ ജലീലിനാണ് മുന്‍തൂക്കം. തൃത്താല തിരിച്ചുപിടിച്ചത് കൊണ്ട് ഇത്തവണ രാജേഷ് മന്ത്രിസഭയില്‍ ഉണ്ടായേക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്ന് വി ശിവന്‍കുട്ടിക്കാണ് മുന്‍തൂക്കം. നേമം പിടിച്ച നേട്ടമാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് വാതില്‍ തുറക്കുന്നത്.