പാരിസ്: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2020ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. അനുകൂല സാഹചര്യമല്ലാത്തതിനെത്തുടര്‍ന്നാണ് പുരസ്‌കാരം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 1956ല്‍ ആരംഭിച്ചതിനുശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരില്‍ ആദ്യമായാണ് ബാലന്‍ ഡി ഓര്‍ മുടങ്ങുന്നത്.
ബാഴ്‌സലോണ താരം ലയണല്‍ മെസിയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഉള്‍പ്പെടെ താരങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ഇത്തവണ ജേതാക്കളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടുത്ത ഒരു വര്‍ഷംകൂടി പുരസ്‌കാരം 2019ലെ ജേതാവായ മെസിയുടെ കൈയില്‍ തന്നെയിരിക്കും. മെസിയാണ് ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരം. ആറ് പുരസ്‌കാരമാണ് മെസി സ്വന്തമാക്കിയത്. അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയ ക്രിസ്റ്റ്യാനോയാണ് തൊട്ടുപിന്നില്‍. ഇത്തവണ ഇരുവര്‍ക്കും കടുത്ത വെല്ലുവിളിയുമായി ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയിനും പട്ടികയിലുണ്ടായിരുന്നു.