കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങൾ വിദ്യാർഥികൾ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28ാം തീയതി മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്
ഈ അധ്യയന വർഷത്തിൽ ഭൂരിഭാഗം വിദ്യാർഥികൾക്കും സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ സ്കൂളിലെത്തി നടത്താനായിട്ടില്ല. അതിനാൽ തന്നെ ഈ വർഷം പ്രാക്ടിക്കൽ പരീക്ഷ അപ്രായോഗികമാണെന്നും വിദ്യാർഥികളും അധ്യാപകരും പറയുന്നു.
കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണം. മൈക്രോസ്കോപ്പ്, കമ്പ്യൂട്ടർ, മൗസ്, മറ്റ് ലാബ് ഉപകരണങ്ങളെല്ലാം അണുവിമുക്തി വരുത്തി ഓരോ കുട്ടിക്കും മാറി മാറി നൽകുന്നത് അപ്രായോഗികമാണെന്നും ഇവർ പറയുന്നു. പരീക്ഷയുടെ സമയത്ത് അധ്യാപകരും വിദ്യാർഥികളും കൂടുതൽ അടുത്ത് സമ്പർക്കം പുലർത്തേണ്ട സാഹചര്യമുണ്ടാകും. ഇതും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.