‘എവറസ്റ്റ് കൊടുമുടി കയറി കൊറോണ’; പർവ്വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു

എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോർവീജിയൻ പർവതാരോഹകൻ എർലെൻഡ് നെസ്സിനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹകനെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും എർലെൻഡ് നെസ് ട്വീറ്റ് ചെയ്തു. 8,000 മീറ്റർ ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാദ്ധ്യമാണെന്നും നെസ് നോർവീജിയൻ ടി.വിയായ എൻ.ആർ.കെയോട് പറഞ്ഞു. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് കോവിഡ് രോഗബാധ ഉണ്ടാകുന്നത്.

പർവ്വതാരോഹണത്തിനിടയിൽ സാധാരണ അനുഭവപ്പെടാറുള്ള രോഗലക്ഷണങ്ങളുമായി ഒന്നിലധികം പർവ്വതാരോഹകർ ഉണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ പർവതാരോഹകർക്ക് വൈറസ് ബാധ പിടിപ്പെടുമോ എന്ന ആശങ്കയിലാണ് അധികൃതർ. വായുലഭ്യത കുറവുള്ള കൊടുമുടിയിൽ എത്തുന്നവർക്ക് ശ്വസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ പർവതാരോഹകർക്ക് രോഗം പിടിപ്പെട്ടാൽ ആരോഗ്യനില തരണം ചെയ്യുക പ്രയാസകരമാണ്. എന്നാൽ നേപ്പാളിലെ ടൂറിസം മന്ത്രാലയം കൃത്യമായ കേസുകളുടെ എണ്ണത്തെ പറ്റി ഇപ്പോഴും പ്രതികരിച്ചിട്ടില്ല.

ഈ വർഷം 377 വിദേശികൾക്കാണ് നേപ്പാൾ വിനോദ സഞ്ചാര വകുപ്പ് എവറസ്റ്റ് പർവതാരോഹണത്തിന് ക്ലൈംബിംഗ് പെർമിറ്റ് നൽകിയത്. കൂടാതെ ക്വാറന്‍റൈൻ അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികൾ കർശനമായി സ്വീകരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ സീസണിൽ എവറസ്റ്റ് വിനേദസഞ്ചാര മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു