സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഷാഫി പറമ്പിൽ. സ്പേസ് പാർക്കിന് പിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ രംഗത്തെത്തിയത്.
നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മകളുടെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധം പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ശിവശങ്കരനെയടക്കം സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഷാഫി ആരോപിച്ചു.
സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വരുകയാണെന്നും ഷാഫി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും പ്രൈസ് വാട്ടർ കൂപ്പേഴ്സ് കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പിടി തോമസും ആവശ്യപ്പട്ടു.