പിന്നില്‍ നിന്ന ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്കു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നിര്‍ണായകമായ നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി. ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാനത്തെ മല്‍സരം ഇതോടെ ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ്. ഇത്തവണ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിട്ടും അത് ഇന്ത്യയെ വിജയം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയില്ല. പരമ്പരയില്‍ ടോസ് നഷ്ടമായ ശേഷം ആദ്യം ബാറ്റ് ചെയ്ത ഒരു ടീം ജയിച്ചതും ഇതാദ്യമായിട്ടാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു ഈ മല്‍സരത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ കഴിഞ്ഞു. 186 റണ്‍സാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. മറുപടിയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയില്‍ പിടിമുറുക്കുകയായിരുന്നു. എട്ടു വിക്കറ്റിന് 177 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനായുള്ളൂ. സ്‌കോര്‍: ഇന്ത്യ എട്ടു വിക്കറ്റിന് 185. ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 177.