കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ പിന്തുണ പോലുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. ജാഗ്രത പാലിക്കേണ്ട സമയത്ത് ഇത്തരം പ്രചാരണങ്ങൾ ശരിയല്ല.
ജലദോഷം പോലുള്ള അസുഖമാണ് കൊവിഡെന്നാണ് ചിലർ പറഞ്ഞു പരത്തുന്നത്. രോഗപ്രതിരോധ ശേഷി ഉണ്ടാകണമെങ്കിൽ കൊറോണ ശരീരത്തിൽ പ്രവേശിക്കണമെന്നാണ് മറ്റ് ചിലർ ഫറയുന്നത്. കൊവിഡ് കുട്ടികൾക്ക് ദോഷമല്ലെന്നും മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ രോഗം ബാധിക്കില്ലെന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്.
ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാകില്ല. ഒരിക്കൽ വന്ന് ഭേദപ്പെട്ടാൽ പിന്നെ രോഗം വരില്ല, ഇതര രോഗമുള്ളവർ മാത്രമേ മരിക്കൂ തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞു പരത്തുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്നതാണ് വാസ്തവം.
കൊവിഡിനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനുള്ള വാക്സിൻ വികസിപ്പിക്കാൻ പന്ത്രണ്ട് മുതൽ പതിനെട്ട് മാസം വരെയെടുക്കും. പരീക്ഷണം ആരംഭിച്ചിട്ട് ആറ് മാസം മാത്രമാണ് ആയിട്ടുള്ളത്. ഇനിയും സമയമെടുക്കും. പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന പ്രചാരണങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.