കാർഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റിന് പിന്നാലെയാണ് നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്നത്.
കർഷകസമരത്തെ അടിച്ചമർത്താനുള്ള നീക്കം നരേന്ദ്രമോദി സർക്കാർ ശക്തമാക്കുന്നതിനിടെയാണ് ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ രംഗത്തുവരുന്നത്. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ചയാണ് റിഹാന ട്വീറ്റ് ചെയ്തത്. ഇന്റർനെറ്റ് വിച്ഛേദിച്ച വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു റിഹാനയുടെ ട്വീറ്റ്.
പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബയും കർഷകർക്ക് പിന്തുണയുമായി രംഗത്തുവന്നു. കർഷക പ്രതിഷേധത്തിന് ഞങ്ങളുടെ ഐക്യദാർഢ്യം എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ഇന്റർനെറ്റ് വിച്ഛേദിച്ച വാർത്തയും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്
ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാഷ്ട്രീയ നേതൃത്വമില്ലാത്ത കാലത്ത് ജനങ്ങൾ മുന്നോട്ടുവരുന്നതിൽ സന്തോഷമെന്നും അവർ ട്വീറ്റ് ചെയ്തു
ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ കുഴപ്പം പിടിച്ചതാണെന്ന് യുഎസ് പാർലമെന്റ് അംഗം ജിം കോസ്റ്റ ട്വീറ്റ് ചെയ്തു. സമാധാനപരമായ സമരത്തിനുള്ള അവകാശം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യ പ്രവർത്തകയുമായ മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കർഷകർക്കെതിരായ സൈനികാതിക്രമത്തിനെതിരെയും ഇന്റർനെറ്റ് വിച്ഛേദിച്ചതിനെതിരെയും എല്ലാവരും പ്രതികരിക്കാനും മീന ഹാരിസ് ആഹ്വാനം ചെയ്തു