സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച പതിനേഴു പേരില്‍ പത്തു പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കോഴിക്കോട് കോര്‍പ്പറേഷനിലെ മീഞ്ചന്ത വാര്‍ഡില്‍ മാത്രം ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതോടെ ജില്ലാ ഭരണകൂടം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ച വലിയങ്ങാടി, പാളയം, മിഠായിതെരുവ്, തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഇവിടേക്ക് പ്രവേശിക്കുന്ന പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളും സ്വീകരിക്കും. ഇതിനു പുറമേ ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും നിയന്ത്രിത മേഖലയാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. പാസുള്ള വ്യാപാരികള്‍ക്ക് മാത്രം ഇവിടേക്ക് പ്രവേശിക്കാം..