ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നതായാണ് സൂചന

മൊഴി നൽകാതിരിക്കാൻ നവംബർ 25ന് ചില ഉദ്യോഗസ്ഥർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഒക്ടോബർ 14 മുതൽ സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ജയിൽ ഡിഐജി പരിശോധിച്ചു.

കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരും വിജിലൻസ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളും മാത്രമാണ് സ്വപ്നയെ ജയിലിൽ സന്ദർശിച്ചത്. കൂടിക്കാഴ്ചയും ചോദ്യം ചെയ്യലും ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു.