സൈനിക ഉദ്യോഗസ്ഥനെന്ന പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍

സൈനിക ഉദ്യോഗസ്ഥനെന്ന പേരില്‍ വിവാഹത്തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. 17 വിവാഹങ്ങള്‍ ചെയ്ത ഇയാള്‍ യുവതികളില്‍ നിന്നായി 6.61 കോടി രൂപയാണ് തട്ടിച്ചെടുത്തെത്. ആന്ധ്ര സ്വദേശിയായ മുഡുവത് ശ്രിനു നായിക് ആണ് അറസ്റ്റിലായത്.
ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ ആറു വര്‍ഷമായി വിവാഹ തട്ടിപ്പ് നടത്തി വരികയായിരുന്നു. മേജര്‍ പദവിയിലുളള ഉദ്യോഗസ്ഥന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. ശ്രീനിവാസ് ചൗഹാന്‍ എന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞിരുന്ന പേര്.

തട്ടിപ്പ് നടത്തുന്നതിനായി ഹൈദരാബാദില്‍ ഇയാള്‍ ഒരു മുറി വാടകയ്ക്കെടുക്കുകയും ചെയ്തിരുന്നു. സൈനിക ഉദ്യോഗസ്ഥന്റെ രീതിയില്‍ വേഷം ധരിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇയാള്‍ വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നത്. സൈനിക ഓഫീസ് എന്ന് തോന്നുംവിധമാണ് മുറി സജ്ജീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ യുവതികള്‍ക്കോ ബന്ധുക്കള്‍ക്കോ സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനിരിക്കെ ശനിയാഴ്ച പൊലീസ് ശ്രീനിവാസിനെ പിടികൂടുകയായിരുന്നു.

 

തട്ടിപ്പിനായി ഇയാള്‍ വ്യാജ രേഖകളും ചമച്ചിരുന്നു. എം എസ് ചൗഹാന്‍ എന്ന പേരില്‍ ആധാര്‍ കാര്‍ഡും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. തട്ടിച്ചെടുത്ത പണം കൊണ്ട് ഇയാള്‍ മെര്‍സിഡസ് ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍ സ്വന്തമാക്കിയിരുന്നു.