ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ ടി കെ മോഹൻ ബഗാന് ജയം

ബംബോലിം: കേരള ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബ​ഗാൻ ഒരു ​ഗോളിന് മുന്നിൽ. 67-ാം മിനിട്ടിൽ സൂപ്പർ താരം റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്ക് വേണ്ടി ​ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ​ഗോൾ പിറന്നത്.

4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് കിബു വികുന ഇറക്കിയത്. മറുവശത്ത് 3-5-2 എന്ന ഫോർമേഷനിലാണ് എ.ടി.കെ കളിച്ചത്. ആദ്യ മിനിട്ടുകളിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടർച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനമത്സരത്തിൽ കളിക്കുന്നത്.

ആദ്യ 30 മിനിട്ടിൽ കാര്യമായ ഷോട്ടുകളൊന്നും ഉതിർക്കാൻ ഇരുടീമുകൾക്കും സാധിച്ചിട്ടില്ല. 30-ാം മിനിട്ടിൽ തന്നെ എ.ടി.കെയ്ക്ക് ആദ്യ പകരക്കാരനെ ഇറക്കേണ്ടി വന്നു. പരിക്കേറ്റ് പുറത്തായ സൂസായ്രാജിന് പകരം ശുഭാശിഷ് ബോസ് കളിക്കളത്തിലെത്തി.

33-ാം മിനിട്ടിൽ മികച്ച അവസരം എ.ടി.കെയുടെ റോയ് കൃഷ്ണയ്ക്ക് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാനായില്ല. തൊട്ടുപിന്നാലെ അതിമനോഹരമായ ഒരു ക്ലിയറൻസ് നടത്തി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം കോസ്റ്റ കൈയ്യടി നേടി.

പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഋതിക് ദാസിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അത് വലയിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല. 41-ാം മിനിട്ടിൽ എ.ടി.കെയുടെ എഡു ഗാർസിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഈ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡാണ് ഗാർസിയയ്ക്ക് ലഭിച്ചത്. ഇതിനുപിന്നാലെ കിട്ടിയ ഫ്രീകിക്ക് വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

അൽബിനോ ഗോമസ്, കെ.പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെൽ കാർനെയ്റോ, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച, വിൻസെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പർ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. സിഡോഞ്ചയാണ് നായകൻ

അരിന്ദം ഭട്ടാചാര്യ, മുൻ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാൻ, ടിറി, പ്രീതം കോട്ടൽ, പ്രബിർ ദാസ്, പ്രണോയ് ഹാൽദർ, ഹാവി ഹെർണാണ്ടസ്, കാൾ മക്ഹഗ്, എഡു ഗാർസിയ, മൈക്കിൾ സൂസായ്രാജ്, റോയ് കൃഷ്ണ എന്നിവർ എ.ടി.കെയുടെ ആദ്യ ഇലവനിൽ കളിച്ചു. പ്രീതം കോട്ടലാണ് നായകൻ.