റഫാൽ വിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തും. മൂന്ന് വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. ഇന്ന് രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിലേക്കാണ് ഇവ എത്തിക്കുക.
നിലവിൽ പത്ത് റഫാൽ വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബർ 10ന് ഇത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. അഞ്ചെണ്ണം വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണ്.
ദസോൾട്ട് ഏവിയേഷനാണ് റഫാലിന്റെ നിർമാതാക്കൾ. നൂറ് കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് റഫാലിലെ പ്രധാന ആയുധങ്ങൾ. 14 ആയുധ സംഭരണികൾ വിമാനത്തിലുണ്ട്. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്നത്.