നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികൾ അറസ്റ്റില്‍. അയര്‍ക്കുന്നം തേത്തുരുത്തില് അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കാഞ്ഞാര്‍ പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ- അമല്‍ കുമാര്‍-അപര്‍ണ ദമ്പതികൾക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി. ഈ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ഇതിനിടെ പെരുവന്താനം സ്വദേശിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് അപർണയ്ക്കു പ്രസവവേദനയുണ്ടായി. സുഹൃത്തിന്റെ വാഹനത്തിൽ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അമൽ കുമാർ തീരുമാനിച്ചു. ഇതിൽ തൊടുപുഴയിലേക്ക് വരുമ്ബോൾ വാഹനത്തിൽവച്ച് അപർണ പ്രസവിച്ചു. അമൽ കുമാറാണ് വാഹനം ഓടിച്ചിരുന്നത്. തൊടുപുഴയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തിരിച്ചുപോയ ഇവർ നെല്ലാപ്പാറയിൽവച്ചു വാഹനത്തിലെ രക്തം കഴുകിക്കളയുകയും നൈറ്റിയും മറ്റും കഴുകി തുണിമാറുകയും ചെയ്തു. ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ഉടൻ അനാഥാലയം നടത്തിപ്പുകാർ പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെത്തിയ വാഹനത്തിന്റെ നമ്ബർ മനസിലാക്കി. ഞായറാഴ്ച രാത്രിയിൽതന്നെ കാഞ്ഞാർ പൊലീസ് കോട്ടയത്തുപോയി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഇയാൾ പറഞ്ഞത് അനുസരിച്ച് രാത്രി 10. 30 ന് അമൽ കുമാറിനെയും അപർണയേയും കസ്റ്റഡിയിലെടുത്തു. അപർണയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.