പാലാ സീറ്റിൽ ആശങ്കയില്ല; സീറ്റിനെ ചൊല്ലി ബലം പിടിക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്: മാണി സി കാപ്പൻ

സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എൻ സി പി നേതാവ് മാണി സി കാപ്പൻ. പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യും. ഇടതു മുന്നണിയിൽ വിശ്വാസമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതോടെ പാലാ സീറ്റിനെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. പാലാ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടാണ് മാണി സി കാപ്പൻ തുടക്കം മുതലെ സ്വീകരിച്ചത്. അതേസമയം ജോസ് കെ മാണിയും പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും നിയമസഭാ സീറ്റ് സംബന്ധിച്ച ചർച്ചകൾക്ക് സമയമായില്ലെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്.

 

ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന എൽ ഡി എഫ് യോഗത്തിൽ തീരുമാനമായിരുന്നു. സിപിഐയുടെ എതിർപ്പ് കൂടി ഇല്ലാതായതോടെയാണ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മാറുന്നത്.