തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്

തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നാതായി പോലിസ് അറിയിച്ചു.ഇത്തരത്തിലുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പോലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിയതായി പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതിയെക്കുറിച്ചു ചില ജില്ലകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.