പഞ്ചാബിനെ പഞ്ചറാക്കി ഹിറ്റ്മാനും സംഘവും, മുംബൈയ്ക്കു മിന്നും വിജയം

അബുദാബി: ഐപിഎല്ലിലെ 13ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു അനായാസ വിജയം. കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിനാണ് ഹിറ്റ്മാനും സംഘവും കെട്ടുകെട്ടിച്ചത്. കളിയുടെ ഒരു ഘട്ടത്തിലും മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്താതെയാണ് പഞ്ചാബ് നിരുപാധികം കീഴടങ്ങിയത്.

 

ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ തന്നെ പഞ്ചാബ് സമ്മര്‍ദ്ദത്തിലായിരുന്നു. മറുപടി ബാറ്റിങില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന മുംബൈ കളിയുടെ കടിഞ്ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 143 റണ്‍സ് നേടാനേ പഞ്ചാബിനായുള്ളൂ. നിക്കോളാസ് പൂരനൊഴികെ (44) മറ്റാരും പഞ്ചാബ് നിരയില്‍ ചെറുത്തുനിന്നില്ല. 27 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരം നേടി. മായങ്ക് അഗര്‍വാള്‍ (25), കെഎല്‍ രാഹുല്‍ (17), കരുണ്‍ നായര്‍ (0), ഗ്ലെന്‍ മാക്‌സ്വെല്‍ (11), ജെയിംസ് നീഷാം (7), സര്‍ഫറാസ് ഖാന്‍ (7), രവി ബിഷ്‌നോയ് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കെ ഗൗതം (22), മുഹമ്മദ് ഷമി (2) പുറത്താവാതെ നിന്നു.

രണ്ടു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറ, രാഹുല്‍ ചഹര്‍, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബിന്റെ കഥ കഴിച്ചത്. ട്രെന്റ് ബോള്‍ട്ടിനും ക്രുനാല്‍ പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ നായകന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 45 പന്തുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയെ 200ന് അരികില്‍ എത്തിച്ചത്. അവസാന അഞ്ചോവറില്‍ 89 റണ്‍സ് മുംബൈ വാരിക്കൂട്ടി. കിരോണ്‍ പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം പുറത്താവാതെ 47 റണ്‍സെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 30 റണ്‍സ് നേടി.

 

ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തു മടങ്ങി. ക്വിന്റണ്‍ ഡികോക്ക് (0), സൂര്യകുമാര്‍ യാദവ് (10) എന്നിവാണ് പുറത്തായ മറ്റുള്ളവര്‍. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. ഗൗതമിനു പകരം മുരുകന്‍ അശ്വിന്‍ പ്ലെയിങ് ഇലവനിലെത്തി. എന്നാല്‍ മുംബൈ ടീമില്‍ മാറ്റമില്ലായിരുന്നു.