എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ
താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്.
ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാർഥിനിയാണ് ഈ ഒൻപതുകാരി.
ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ 2019 മേയിൽ ഒരു ചാനലിലെ കോമഡി പരിപാടിയിൽ ദേവുവിന് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുൻപേയാണ് രോഗം ദേവുവിനെ കീഴ്പ്പെടുത്തിയത്.ആഴ്ചകൾക്ക് മുൻപാണ് സ്ഥിതി ഗുരുതരമായത്. അടൂർ ജനറൽ ആശുപത്രിയിൽനിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സാച്ചെലവ് താങ്ങാൻ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയിൽ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നൽകിയത്. ഇപ്പോൾ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.