തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിലെ എഥനോളിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ നിയമോപദേശം തേടാൻ സർക്കാർ. 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യപ്പെട്ടിട്ടും പെട്രോൾ കമ്പനികളുടെ മറുപടി ലഭിച്ചില്ല. കത്തിന് പുറമെ റിമൈൻഡർ നോട്ട് അയച്ചിട്ടും മറുപടിയില്ല. മറുപടിയില്ലെങ്കിൽ നിയമോപദേശം തേടാനാണ് സർക്കാരിന്റെ തീരുമാനം. കേന്ദ്ര സർക്കാരും, പെട്രോൾ കമ്പനികളും ഒഴിഞ്ഞു മാറുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ.
നിയമോപദേശം തേടി മറ്റു തരത്തിലുള്ള പരിശോധന നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പരിശോധനാ ഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയമോപദേശം തേടുന്നത്. കർണാടക സർക്കാരിന്റെ പരിശോധന ഫലം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഐഒസി, ബിപിസിഎൽ തുടങ്ങിയ എണ്ണക്കമ്പനികൾ സാമ്പിൾ നൽകാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. പിന്മാറ്റം ഉൾപ്പടെ കോടതിക്ക് മുന്പിലെത്തിക്കുന്ന തരത്തിലാകും നിയമപരിശോധന.
കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർത്തിയെന്ന കണ്ടെത്തൽ രാജ്യത്ത് വലിയ വിവാദമായിരിക്കെയാണ് കേരളത്തിലും പരിശോധന നടത്തുന്നത്. താരതമ്യ പരിശോധനക്ക് ശുദ്ധമായ പെട്രോൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മന്ത്രി അനൂപ് ജേക്കബ് കത്തയച്ചിരുന്നു. കർണാടകയിലെ ഏഴ് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനാ ഫലം ഒക്ടോബർ അവസാനമാസമാണ് സർക്കാർ പുറത്തുവിട്ടത്.








