ചൈനയെ നേരിടാൻ എൻവിഡിയയിൽ ട്രംപിന്റെ ഇടപെടൽ; ‘മുഖം മിനുക്കി’ തിരികെയെത്തി ജെൻസെൻ ഹുവാങ്

ന്യൂഡൽഹി ∙ ‘ഈ തീരുമാനത്തിൽ പ്രസിഡന്റ് ട്രംപിനു വലിയ പങ്കുണ്ട്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്’– ജെൻസെൻ ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എൻവിഡിയ ബോർഡിന്റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീഫൻ ച്യൂങ് നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തമാണ്. ജെൻസെനെ തിരികെയെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക ഇടപെടൽ നടത്തിയെന്നു മാത്രമല്ല, അക്കാര്യം പരസ്യമാക്കാനും അദ്ദേഹം മടിച്ചില്ല.

ജെൻസെന്റെ തിരിച്ചുവരവിനെ ആദ്യം സംശയത്തോടെ കണ്ട യുഎസ് സർക്കാർ പിന്നീട് അനുകൂല നിലപാടിലേക്കു മാറുകയായിരുന്നു. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട എഐ ചിപ് നിർമാണക്കമ്പനിയായ എൻവിഡിയയുടെ തലപ്പത്ത് ജെൻസെൻ തുടരേണ്ടതിന്റെ ആവശ്യവും ചൈനയുമായുള്ള മത്സരത്തിൽ അമേരിക്കയ്ക്കുള്ള താൽപര്യവുമാണ് ഈ നിലപാടുമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ.

ജെൻസെന്റെ തിരിച്ചുവരവു സംബന്ധിച്ച് യുഎസ് സർക്കാരിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പുതിയ സിഇഒയെ കമ്പനിക്കു പുറത്തുനിന്നു കണ്ടെത്തണമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നിർദേശിച്ചിരുന്നു. ജെൻസനെ തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി ബോർഡ് ചെയർമാൻ ഹാർവി സി.ജോൺസ് തന്നെ പറഞ്ഞതോടെ, തിരിച്ചുവരവിനുള്ള സാധ്യത അടഞ്ഞതായി കരുതപ്പെട്ടു.

എന്നാൽ, ട്രംപിന്റെ നിലപാട് മറിച്ചായിരുന്നു. ജെൻസെൻ ഒരു വലിയ പാഠം പഠിച്ചെന്നും അദ്ദേഹം തിരിച്ചെത്തുന്നതിൽ എതിർപ്പില്ലെന്നും ട്രംപ് പരസ്യമായി പറഞ്ഞു. ജെൻസെൻ തിരിച്ചുവരുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുമെന്നു കരുതുന്നില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിവുകളില്ലെന്ന് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ജെൻസെനെ തിരിച്ചെടുക്കണമെന്ന് നിക്ഷേപകരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. എൻവിഡിയയെ ഇന്നത്തെ നിലയിലെത്തിച്ചതിൽ ജെൻസെന്റെ പങ്ക് നിർണായകമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം അനിശ്ചിതത്വം ഉണ്ടാക്കാമെന്നതായിരുന്നു നിക്ഷേപകരുടെ ആശങ്ക.