Headlines

നല്ല ഭരണവും കൂട്ടായ്മയുമൊക്കെ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്; അത് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും വിസ്മരിക്കരുത്; പിഎംഎ സലാം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കനക്കുന്നതിനിടെ യുഡിഎഫിലെയും മന്ത്രിസഭയിലെയും തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. നല്ല ഭരണം പ്രതീക്ഷിച്ച് അധികാരത്തില്‍ ഏറ്റിയ ജനങ്ങളെ മറക്കരുത് എന്ന് പിഎംഎ സലാം പറഞ്ഞു.

ബോര്‍ഡ് കോര്‍പ്പറേഷന്‍ ചര്‍ച്ചകളില്‍ തുടങ്ങി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ എത്തിനില്‍ക്കുമ്പോഴാണ് മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ഇടപെടല്‍. നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ അവമതിപ്പുണ്ടാക്കുന്നു എന്ന പൊതുവികാരം ഉയരുന്നതോടെയാണ് മുന്നറിയിപ്പുമായി പിഎംഎ സലാം തന്നെ രംഗത്തെത്തിയത്. സര്‍ക്കാരിനെ പരിശോധിക്കുവാന്‍ സമയമായിട്ടില്ല എന്നാണ് ലീഗിന്റെ വിമര്‍ശനം.

നല്ല ഭരണവും കൂട്ടായ്മയുമൊക്കെ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഈ മുന്നണിയെ അധികാരത്തിലെത്തിച്ചത്. അത് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും വിസ്മരിക്കരുത് എന്നാണ് പറയാനുള്ളത് – പിഎംഎ സലാം പറഞ്ഞു.

വിവാദങ്ങള്‍ തള്ളിയ മന്ത്രി ടി സിദ്ധിഖ് വിഷയത്തില്‍ കെസി വേണുഗോപാലിനെ വലിച്ചിഴക്കേണ്ടതില്ല എന്നും വ്യക്തമാക്കുന്നു.അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്ള അവകാശ വാദങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളില്‍ അവിടെ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറയുന്നു. അതേസമയം, പാര്‍ട്ടിയിലെ പഴയ കരുത്ത് തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് എ ഗ്രൂപ്പ്. കെ സി ജോസഫിന്റെയും ബെന്നി ബഹനാന്റെയും നേതൃത്വത്തില്‍ നേതാക്കളെ സംഘടിപ്പിക്കാനാണ് നീക്കം. ബെന്നി ബഹനാനെ കെപിസിസി അധ്യക്ഷന്‍ ആക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.