നിര്‍ദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടര്‍’ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. 2025 സെപ്റ്റംബര്‍ 30 നാണ് കമ്പനിയുടെ ഗോവയിലെ ഫാക്ടറിയില്‍ നിന്ന് എഫ്എസ്എസ്എഐ ആറ് സാമ്പിളുകള്‍ ശേഖരിച്ചത്. ഈ സാമ്പിളുകളില്‍ ഒന്ന് മാത്രമാണ് മാനദണ്ഡങ്ങളില്‍ വീഴ്ച്ച വരുത്തിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടതിനാല്‍ ആവശ്യമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. അനുവദനീയമായ അളവും കടന്ന് ബ്രോമേറ്റ് കണ്ടെത്തിയതായി രാജ്യത്തെ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച ബിസ്ലേരി ഇന്റര്‍നാഷണലിന്റെ പ്രതികരണം വന്നിരിക്കുന്നത്.
”ഞങ്ങളുടെ പത്ത് ഘട്ട നിര്‍മ്മാണ പ്രക്രിയയിലുടനീളം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 90 ലധികം ടെസ്റ്റുകളിലൂണ്ട്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. എങ്കിലും ഉപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉചിതമായ നിയന്ത്രണ പ്രക്രിയയിലൂടെ പരിഹരിക്കുന്നതിനായി തുടര്‍ന്നും എഫ്എസ്എഎസ്‌ഐയുമായി സഹകരിക്കും.” -കമ്പനിയിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നു.







