രാവണനെ മഹത്വവത്കരിച്ചു എന്ന് ആരോപിച്ച് ‘രാമായണ’ സിനിമയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്റംഗ് ലാല്‍ ബഗ്ര പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.
ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം വ്രണപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബജ്റംഗ് ലാല്‍ ബഗ്ര പറഞ്ഞു. വാത്മീകി രാമായണത്തിലെ പലഭാഗങ്ങളും ചിത്രത്തില്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഹല്യാ മോക്ഷം, നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി എന്നിവ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും ബഗ്ര ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ശ്രീരാമന്റെ മഹത്തായ ദൗത്യം. ഈ രാക്ഷസന്മാര് മുനിമാരുടെയും സന്യാസിമാരുടെയും ആത്മീയ സാധനകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ ദൗത്യത്തെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരമായുള്ള വ്യക്തിപരമായ പോരാട്ടമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് – ബഗ്ര ചൂണ്ടിക്കാട്ടി.
അഹങ്കാരിയായ രാവണനെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനായി മഹത്വപ്പെടുത്തിക്കൊണ്ട്, രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നുവെന്ന് ബഗ്ര ആരോപിച്ചു. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും പരകോടിയില്‍ എത്തിയെങ്കിലും, അഹന്ത കൊണ്ട് സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അധാര്മികനായിരുന്നു രാവണന് എന്ന് അദ്ദേഹം പറഞ്ഞു. രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ഇത് വ്യക്തമായി തന്നെ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






