Headlines

സ്വർണവില നിലംപൊത്തി; കേരളത്തിൽ ഇന്നും ഇടിയും, ആന്ത്രോപ്പിക്കും ‘ഠോ!’ യുഎസ് വിപണി ചോരക്കളം, ഇറാനിൽ ട്രംപിന്റെ തീരുമാനം 2027ൽ

സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 3600 ഡോളറിനും താഴേക്ക് കൂപ്പുകുത്തി. കേരളത്തിൽ ഇന്നും വില ഇടിയും. ഇന്നലെ 96,000 രൂപയ്ക്കു താഴെയെത്തിയ പവൻവില ഇന്ന് കൂടുതൽ ഇടിയുമെന്ന് ഉറപ്പായി. ഒരുഘട്ടത്തിൽ 130 ഡോളറിലധികം ഇടിവുമായി 3596 ഡോളറിലേക്കാണ് രാജ്യാന്തരവില ഇടിഞ്ഞത്. 2025 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന് ഉറപ്പായതാണ് രാജ്യാന്തരവിലയെ തകർച്ചയിലേക്ക് നയിക്കുന്നത്.

അതേസമയം, പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്ക് റെക്കോർഡ് ഐപിഒയ്ക്കുശേഷം 17% നേട്ടത്തോടെ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു. യുഎസ് ഓഹരി വിപണികൾ ആദ്യം 2% കുതിച്ച് നേട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ചോരപ്പുഴയായി. ആന്ത്രോപ്പിക് തരംഗവും രക്ഷിച്ചില്ല. എഐ കമ്പനികളുടെ ‘ഭാവി’ സംബന്ധിച്ച ആശങ്കയും എൻവിഡിയയ്ക്കെതിരെയുള്ള അന്വേഷണങ്ങളുമാണ് വലച്ചത്. ഡൗ ജോൺസ് സൂചിക 2.19% ഇടിഞ്ഞ് 49,097ൽ വ്യാപാരം പൂർത്തിയാക്കി. ഏറെക്കാലത്തിനുശേഷമാണ് ഡൗ 50,000ന് താഴെയാകുന്നത്.

എസ് ആൻഡ് പി500 സൂചിക 2.02%, നാസ്ഡാക് 2.25% എന്നിങ്ങനെയും ഇടിഞ്ഞു. ഏഷ്യൻ വിപണികളും നഷ്ടത്തിൽ തുടങ്ങാനാണ് സാധ്യത.

ഇതിനിടെ, ഇറാനുമായുള്ള യുദ്ധം തുടരണോ എന്ന് 2027ന്റെ തുടക്കത്തിലേ തീരുമാനിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. തനിക്ക് തിടുക്കമൊന്നുമില്ലെന്നും പുതുവർഷത്തിന്റെ തുടക്കത്തിൽ എന്തുസംഭവിക്കുമെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു.