Headlines

ലേസർ രശ്മികളും മാലിന്യവും; തിരുവനന്തപുരം വിമാനത്താവളത്തിന് ചുറ്റും സുരക്ഷാഭീഷണി

തിരുവനന്തപുരം ∙ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്കു പായിക്കുന്ന ലേസർ രശ്മികളും വിമാനത്താവള പരിസരത്തെ മാലിന്യവും വിമാനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നു. ക്രെയിൻ ഉയർത്തിയതിനെത്തുടർന്ന് കഴിഞ്ഞദിവസം വ്യോമപാതയിൽ തടസ്സം നേരിട്ടിരുന്നു.

കാഴ്ച മറച്ച് ലേസർ വെളിച്ചം
വിമാനത്താവളത്തിനു സമീപത്തെ ആഘോഷ പരിപാടികളിൽ ഉപയോഗിക്കുന്ന ലേസർ ബീം ലൈറ്റുകളാണു പ്രധാന ഭീഷണികളിലൊന്ന്. ശക്തമായ ലേസർ രശ്മികൾ വിമാനത്തിന്റെ കോക്പിറ്റിൽ പതിച്ചാൽ പൈലറ്റുമാരുടെ കാഴ്ചയെ ബാധിക്കാം. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം താൽക്കാലികമായി കാഴ്ചമറയ്ക്കാനും ശ്രദ്ധ മാറാനും ഇടയാക്കും. വിമാനം പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന സമയങ്ങളിൽ പൈലറ്റുമാർക്കു കൃത്യമായ കാഴ്ചയും ഏകാഗ്രതയും അത്യാവശ്യമാണ്.

മുട്ടത്തറയിലെ മാലിന്യം നീക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും കോർപറേഷനുമായി സഹകരിച്ചു നടപടികൾ സ്വീകരിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വ്യോമപാതയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പരിസരത്തെ മാലിന്യംതള്ളൽ, ലേസർ ലൈറ്റുകളുടെ ഉപയോഗം എന്നിവയ്ക്കെതിരെയും തുടർച്ചയായ നിരീക്ഷണവും നടപടികളും അനിവാര്യമാണ്.

വിമാനത്താവളം അധികൃതർ

വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ആകാശത്തേക്ക് ലേസർ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതു നിരോധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ 2024ൽ ഉത്തരവിറക്കിയിരുന്നു. വിമാനങ്ങൾ ഇറങ്ങുന്ന ദിശയിലേക്കു ലേസർ രശ്മികൾ പതിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ലംഘനം തുടരുകയാണെന്ന് അധികൃതർ പറയുന്നു.

പട്ടം, ബലൂൺ, പടക്കം എന്നിവയ്ക്കും നിയന്ത്രണം
പട്ടം, ബലൂൺ എന്നിവ പറത്തുന്നതിനും വിമാനത്താവള പരിസരത്തു നിയന്ത്രണമുണ്ട്. ഉയർന്ന ശബ്ദവും വെളിച്ചവുമുള്ള പടക്കങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. വിമാനങ്ങളുടെ സഞ്ചാരപാതയിൽ ഇത്തരം വസ്തുക്കളെത്തുന്നതു സുരക്ഷയ്ക്കു ഭീഷണിയാണ്.

മാലിന്യം; പക്ഷിയിടി ഭീഷണി
വിമാനത്താവളത്തിനു സമീപത്തെ മാലിന്യം മറ്റൊരു പ്രധാനപ്രശ്നമാണ്. മുട്ടത്തറ ഭാഗത്തു തള്ളുന്ന മാലിന്യം പക്ഷികളെ കൂട്ടത്തോടെ ആകർഷിക്കുന്നു. ഇവ വിമാനത്താവള പരിസരത്തും വിമാനങ്ങൾ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന പാതകളിലും എത്തുന്നതു പക്ഷിയിടി (ബേഡ് സ്ട്രൈക്ക്) സാധ്യത വർധിപ്പിക്കുന്നു. വിമാനങ്ങൾ പക്ഷികളുമായി കൂട്ടിയിടിക്കുന്നത് എൻജിനുകളുടെ പ്രവർത്തനത്തെ ബാധിക്കാനും വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാക്കാനും ഇടയാക്കും. പറന്നുയരുന്ന സമയത്തോ ലാൻഡിങ്ങിലോ ഉണ്ടാകുന്ന പക്ഷിയിടി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. മാലിന്യംതള്ളൽ നിയന്ത്രിക്കാതെ പക്ഷിയിടി ഭീഷണി കുറയ്ക്കാനാവില്ല.