ടെഹ്റാന്: ഹോര്‍മുസില്‍ വീണ്ടും എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം. രണ്ട് എണ്ണ കപ്പലുകള്‍ക്ക് തീപിടിച്ചു. കടല്‍ മൈനില്‍ ഇടിച്ചാണ് കപ്പലുകള്‍ക്ക് തീപിടിച്ചത് ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കപ്പലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
അതേസമയം, കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് യുകെഎംടിഒ അറിയിച്ചു. ഹോര്‍മുസില്‍ കപ്പലുകള്‍ ജാഗ്രതയോടെ സഞ്ചരിക്കണമെന്നും നിര്‍ദേശമുണ്ട്.അതേസമയം, റിയാദിന് നേരെയും കിഴക്കന്‍ പ്രവിശ്യക്ക് നേരെയും ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നിര്‍വീര്യമാക്കി. റിയാദിലേക്ക് വന്ന 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയിലേക്ക് എത്തിയ 3 ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
അതിനിടെ, യെമനില്‍ ഹൂതികള്‍ക്കെതിരെ ‘ഫജര്‍ യെമന്‍’ സൈനിക നടപടി ശക്തമായി തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ യെമന്‍ സൈന്യം 723 വ്യോമ-കര ആക്രമണങ്ങള്‍ നടത്തി. യുദ്ധവിമാനങ്ങള്‍ വഴി 37 ആക്രമണങ്ങളും ഡ്രോണുകള്‍ വഴി 56 ആക്രമണങ്ങളും നടന്നു. റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് 89 തവണയും ആര്‍ട്ടിലറികള്‍ ഉപയോഗിച്ച് 541 തവണയും ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു. തായ്സ്, മാരിബ്, അല്‍-ജൗഫ് മേഖലകളിലും തെക്കന്‍ മേഖലകളിലും സൈന്യം ഹൂതികളെ നേരിടുകയാണ്. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് ഈ നീക്കമെന്ന് സൈനിക വക്താവ് അറിയിച്ചു. ഈ ആക്രമണങ്ങളില്‍ 321 ഹൂതി കമാന്‍ഡര്‍മാരും പോരാളികളും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. 117 സൈനിക വാഹനങ്ങളും തകര്‍ത്തു. ബാബ് അല്‍-മന്ദബ് കടലിടുക്കിലെയും ആഗോള വ്യാപാര പാതകളിലെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സൈന്യം വ്യക്തമാക്കി.









