Headlines

നിലനിൽപ്പിന് ഒന്നിച്ച് നിൽക്കേണ്ടത് ആവശ്യം: സഭകളുടെ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് പാത്രീയർക്കീസ് ബാവ

കോട്ടയം: സഭകളുടെ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയർക്കീസ് ബാവ. കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളിയിൽ കുർബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിലായിരുന്നു പാത്രീയർക്കീസ് ബാവയുടെ ആഹ്വാനം. വിവാദങ്ങൾക്കിടെയാണ് ഇന്ന് രാവിലെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയർക്കീസ് ബാവ മണർകാട് പള്ളിയിലെത്തിയത്. കുരുത്തോലകൾ ഉൾപ്പെടെ ഉയർത്തി പാത്രീയർക്കീസ് ബാവയ്ക്ക് യാക്കാബായ സഭാ വിശ്വാസികളുടെ ഊഷ്മള സ്വീകരണം.പാത്രിയർക്കീസ് ബാവയുടെ കാർമികത്വത്തിൽ കുർബാനയർപ്പണം നടന്നു.

നിലനിൽപ്പിന് ഒന്നിച്ച് നിൽക്കേണ്ടത് ആവശ്യം ആണെന്ന് പാത്രീയർക്കീസ് ബാവ പറഞ്ഞു. ഒരു ഇടയൻ മാത്രമുള്ള ഒറ്റസഭയാണ് ഇത്. ഒന്നിച്ച് നിൽക്കാൻ ഇവിടെ ഉളളവർ തീരുമാനിക്കണം. അതിന് നമ്മൾ തയ്യാറാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അഭിനന്ദിക്കുന്നു. മോദി അടക്കം ഉളളവർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇത് വലിയ പ്രതീക്ഷ നൽകുന്നതാണ്. നല്ല ലക്ഷ്യത്തോടെ സമാധാനത്തിന് വേണ്ടി ശ്രമിക്കണമെന്ന് പാത്രീയർക്കീസ് ബാവ പറഞ്ഞു.

സഭകൾ തമ്മിലുള്ള ചർച്ചയ്ക്ക് ദേവലോകം അരമനയിലേക്ക് ക്ഷണിച്ച ഓർത്തഡോക്സ് സഭയ്ക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാവ മറുപടി നൽകി. പരുമല പള്ളിയിൽ വച്ചാകട്ടെ ചർച്ചയെന്ന് കാതോലിക്കാ ബാവ.ഓർത്തഡോക്സ് സഭയുടെ എതിർപ്പിനിടെയായിരുന്നു പാത്രീയർക്കീസ് ബാവയുടെ മണർകാട് സന്ദർശനം.