Headlines

അതിമനോഹരവും ഒറ്റകൊമ്പനും പുറത്തിറങ്ങും മുമ്പ് വിടവാങ്ങല്‍, നഷ്ടമായത് ആക്ഷന്‍ രംഗങ്ങള്‍ ആവേശം ചോരാതെ വെള്ളിത്തിരയിലെത്തിച്ച കലാകാരനെ

പുലിമുരുഗന്‍, തുടരും- അടക്കം മലയാളത്തിലെ പല മാസ് ചിത്രങ്ങള്‍ക്കും ദൃശ്യഭംഗി പകര്‍ന്ന പ്രതിഭാധനനായ സിനിമറ്റോഗ്രാഫറായിരുന്നു ഷാജി കുമാര്‍. ആക്ഷന്‍ രംഗങ്ങളുടെ ആവേശം ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിക്കുന്നതില്‍ അസാധാരണ വൈഭവമായിരുന്നു ഷാജി കുമാറിനുണ്ടായിരുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ വിജയങ്ങളിലൊന്നായ പുലിമുരുകന്‍, നരന്‍, ഒടിയന്‍, മധുരരാജ, പത്തൊന്‍പതാം നൂറ്റാണ്ട് തുടങ്ങി അമ്പതിലേറെ ചിത്രങ്ങള്‍ ഷാജി കുമാറിന്റെ ദൃശ്യമിഴിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ആക്ഷന്‍ രംഗങ്ങളുടെയും മാസ് സിനിമകളുടെയും ദൃശ്യതാളം തെറ്റാതെ പ്രേക്ഷകഹൃദയങ്ങളില്‍ ആവേശം വിതറാന്‍ ഷാജി കുമാറിന്റെ ക്യാമറയ്ക്കായി.

സിനിമയുടെ കഥാന്തരീക്ഷത്തിന് അനുയോജ്യമായ ലൈറ്റിങ് കണ്ടെത്താന്‍ പ്രത്യേക പാടവമുണ്ടായിരുന്നു ഷാജി കുമാറിന്. കഥയുടെ മൂഡിനനുസരിച്ച് ദൃശ്യങ്ങള്‍ക്ക് ആഴവും പരപ്പും നല്‍കാന്‍ ഷിജി കുമാര്‍ പല ലൈറ്റിങ് സങ്കേതങ്ങളെയും ആശ്രയിച്ചു. തുടരും, ബാന്ദ്ര, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, രാമലീല, കസിന്‍സ്, സൗണ്ട് തോമ, കിംഗ് ആന്റ് ദ കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി.

മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ സൂക്ഷ്മമായ ഭാവങ്ങള്‍ പ്രേക്ഷകരിലേക്ക് ആവേശം പകരുന്ന വിധം ആവിഷ്‌കരിക്കാന്‍ ഷാജി കുമാറിന്റെ ലെന്‍സിനായി. താരങ്ങളുടെ പ്രകടനത്തിനൊപ്പം ദൃശ്യമിഴിവും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരുന്നു ഷാജി കുമാരിന്റെ ഫ്രെയിമിങ്.

സങ്കീര്‍ണമായ പശ്ചാത്തലങ്ങളിലും പ്രതികൂല സൗഹചര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാനുള്ള ഷാജി കുമാറിന്റെ മികവ് ശ്രദ്ധേമായിരുന്നു. 2001ല്‍ ജയറാം ചിത്രമായ ഉത്തമനിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. അതിമനോഹരം, ഒറ്റക്കൊമ്പന്‍ തുടങ്ങിയ ഷാജി കുമാര്‍ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്.