ലക്നൗ∙ ഉത്തർ പ്രദേശിലെ സഹാറൻപുരിൽ സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ വിരമിച്ച സിഐയ്ക്കും ഇൻസ്പെക്ടർക്കും 20 വർഷം കഠിന തടവ്. പതിനൊന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്മോഹൻ യാദവ്, വേദ്പാൽ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം. വ്യാജ കേസിൽ യുവതിയുടെ ഭർത്താവിനെ രാത്രി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഭർത്താവിനെ വിട്ടുകിട്ടാനായി സഹായം തേടി രണ്ടു ദിവസത്തിനുശേഷം, 10 വയസ്സുള്ള മകനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ ചെന്നതായിരുന്നു യുവതി. സഹായിക്കാമെന്ന് പൊലീസ് മറുപടി നൽകുകയും ചെയ്തു. തുടർന്ന് വൈകിട്ട് ഒരു പൊലീസുദ്യോഗസ്ഥൻ വീട്ടിലെത്തുകയും സ്റ്റേഷൻ ഹൗസ് ഓഫിസറിനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച് യുവതിയും ഭർതൃസഹോദരിയും ഭർതൃമാതാവും വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. ഭർതൃമാതാവിനോടും ഭർതൃ സഹോദരിയോടും പുറത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതിയെ പൊലീസ് സ്റ്റേഷന് ഉള്ളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബ്രിജ്പാൽ യാദവും വേദ്പാലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ ഭർതൃസഹോദരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ ഭർത്താവിനെ വർഷങ്ങളോളും ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടതിൽ പരാതിയുമായി പൊലീസിനെ അതിജീവിത സമീപിച്ചെങ്കിലും പരാതി സ്വീകരിച്ചില്ല. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ യുവതി സമീപിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഇതോടെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് കേസെടുക്കാൻ സഹാറൻപുർ പൊലീസിന് നിർദേശം ലഭിക്കുന്നത്. നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.









