Headlines

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് അതിക്രമവുമായി ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന. പൊലീസുകാർക്ക് വീഴ്ചയുണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആലോചനയുണ്ട്.

അതേസമയം, അടൂരിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട പൊലീസ് സ്‌റ്റേഷൻ അതിക്രമത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതിചേർക്കും. പത്തനംതിട്ട SP ഡിജിപിക്ക് റിപ്പോർട്ട് നൽകി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം യൂട്യൂബര്‍ രാജന്‍ ജോസഫിനെ താന്‍ ആക്രമിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലുണ്ടായിരുന്ന രാജന്‍ ജോസഫിനോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത്. ശ്രീനാദേവിയുടെ പരാതിയില്‍ ജൂലൈ 11ന് രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷവും അക്രമവും അരങ്ങേറിയത്.

ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടര്‍ന്ന് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിനെ അടൂര്‍ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.