ടെഹ്റാന്: അമേരിക്കയുമായി മധ്യസ്ഥ രാജ്യങ്ങളായ പാകിസ്താനിലൂടെയും ഖത്തറിലൂടെയും ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാന് യുദ്ധത്തിന് തയാറാണെന്നും അരഗ്ചി പറയുന്നു. ചര്‍ച്ചയിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇറാന് പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വ്യക്തമാക്കി. ഇറാന് ഒത്തുതീര്‍പ്പ് അതിയായി ആഗ്രഹിക്കുന്നുവെന്നും എത്രയും വേഗം അത് സംഭവിച്ചേക്കാമെന്നുമാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
അതേസമയം, മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഇറാന് വെളിപ്പെടുത്തി. ഖഷാം ദ്വീപിന് സമീപം രണ്ട് യുഎസ് എംക്യുഎം-170 രഹസ്യാന്വേഷണ ഡ്രോണുകള്‍ വെടി വച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് ഒരു യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാന് വ്യക്തമാക്കുന്നു.
അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇറാന് സുരക്ഷാ മേധാവി മൊഹ്സിന്‍ റെസായിയുമായി ഫോണില്‍ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കുന്നതില്‍ ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അറിയിച്ചിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരത്തിനായി ബീജിംഗ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വാങ് യി പറയുന്നു.









