മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നാണ് ഗായിക റിമിടോമി. ഇപ്പോഴിതാ റിമി ടോമി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്റെ പുതു ജീവിതത്തിലെ ഒരു വിശേഷം പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് എന്നും റിമി ടോമി പറഞ്ഞു.
എന്റെ 15 വയസുമുതൽ നിങ്ങൾക്കെന്നെ അറിയാം. അപ്പോൾ മുതൽ എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഓരോ കാര്യങ്ങളും നിങ്ങൾക്കറിയാം. സ്റ്റേജിലൂടെയും നേരിട്ടുമായി എന്നെ കണ്ടുകൊണ്ടിരിക്കുന്ന ആളുകളാണ് നിങ്ങൾ. ജീവിതത്തിൽ ഒരു സന്തോഷം നടക്കുമ്പോൾ എന്നെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്. വരൻ ആക്ടറോ, സിംഗറോ, കോടിശ്വരനോ ഒന്നും അല്ല എന്റെ വൈബ് മാച്ചിങ് ആയ ആളാണ്. ഇത് ദൈവം കൊണ്ടുതന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂ.
ജീവിതത്തിൽ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ ഒന്നുമല്ല. എന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയ എന്റെ ദേഷ്യം, വാശി ,അഹങ്കാരം എല്ലാ നല്ല വശങ്ങളും ചീത്തവശങ്ങളും കുറച്ചു നാളുകൊണ്ടുതന്നെ മനസ്സിലാക്കി നല്ലൊരു ജീവിതം എനിക്ക് കിട്ടും എന്ന് തോന്നിയപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.
പോസിറ്റീവായി വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ എന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത് റിമി ടോമി പറഞ്ഞു.
കോട്ടയം പാലായിൽ ജനിച്ച റിമി ടോമി ഏഞ്ചൽ വോയ്സ് എന്ന ട്രൂപ്പിലൂടെയാണ് കരിയർ ആരംഭിച്ചത്. ഏഞ്ചൽ വോയ്സുമായുള്ള ഒരു ഷോയ്ക്കിടെയാണ് മിമിക്രി ആർട്ടിസ്റ്റും സംഗീതസംവിധായകനും ഗാനരചയിതാവുമായ നാദിർഷ അവരെ കണ്ടെത്തി മീശ മാധവൻ , ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് , ചലച്ചിത്ര സംഗീതസംവിധായകൻ വിദ്യാസാഗർ എന്നിവരുടെ അടുത്തേക്ക് ശുപാർശ ചെയ്തത് . അവിടെ നിന്നാണ് റിമി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്.









