കണ്ണൂർ ∙ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന, എസ്ഐടിയുടെ കണ്ടെത്തലിലേക്കു വഴിതുറന്ന പ്രധാനഘടകം വീണയുടെ ഗൺമാനായിരുന്ന എം.എസ്.അഭിലാഷിന്റെ മൊഴിയാണ്. ഫെബ്രുവരി 25ന് ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു സമരക്കാർ വീണയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചും വീണയ്ക്കുനേരെ ചാടിവീണ കെഎസ്യു പ്രവർത്തകർ എന്തോ ആയുധം ഉപയോഗിച്ചു കഴുത്തിൽ ആക്രമിച്ചെന്നാണ് ഗൺമാൻ അഭിലാഷ് അന്നു പരാതിനൽകിയത്. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്.മുബാസ്, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസം റിമാൻഡിലുമായി.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ടി.ഒ.മോഹനൻ എംഎൽഎ നൽകിയ പരാതിയിലാണ് എസ്ഐടി രൂപീകരിച്ചു പുനരന്വേഷണം നടത്തിയത്. ആയുധമുപയോഗിച്ച് ആക്രമിച്ചതു കണ്ടില്ലെന്നും പരാതിനൽകിയത് വീണാ ജോർജ് പറഞ്ഞിട്ടാണെന്നും അഭിലാഷ് എസ്ഐടിക്കു മൊഴിനൽകി. ഇതാണു വീണയ്ക്കു തിരിച്ചടിയായത്. തന്നെ അക്രമിക്കാനെത്തുന്നതു കണ്ടില്ലെന്നും ഗൺമാനാണു കണ്ടതെന്നുമാണ് എസ്ഐടിയോടു വീണ പറഞ്ഞത്.അതേസമയം, വീണ ആക്രമിക്കപ്പെട്ടെന്ന നിലപാടിൽത്തന്നെയാണ് സിപിഎം. ആക്രമിക്കാനല്ലാതെ ബൊക്കെ നൽകാനാണോ കെഎസ്യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ചോദിച്ചു. പ്രതിപക്ഷത്തിരുന്നു ചെയ്ത തെറ്റുകൾ ന്യായീകരിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.
‘പരാതി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്’: തിരിച്ചടിയായത് ഗൺമാന്റെ ‘മൊഴിമാറ്റം’









