കൊച്ചി: സമരം ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍. സസ്പെന്‍ഡ് ചെയ്ത 10 എസ്എഫ്ഐ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സിസ തോമസിന്റെ ഹര്‍ജി.
അതേസമയം, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ചടക്ക സമിതി അംഗം ഡോ. കെഎസ് ജിനിതയുടെ റിപ്പോര്‍ട്ട് എസ്എഫ്ഐ പുറത്തുവിട്ടു.
വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ആധാരമായ പരാതിയുടെ ഗൂഢാലോചന നടന്നത് ലോക്ഭവനിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം. സമരം കഴിയുമ്പോള്‍ സിസ തോമസിന് പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് പരാതി വന്നത് ഗവര്‍ണറുടെയും സിസ തോമസിന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഗൂഢാലോചനയില്‍ നിന്നാണെന്നും എസ്എഫ്എ െആരോപിച്ചു.
സസ്പെന്ഷന് പിന്‍വലിക്കുക പരീക്ഷ എഴുതാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിക്കും. സമരം ചെയ്തവരെ പരീക്ഷ എഴുതാന്‍ കോടതി അനുവദിച്ചിട്ടും ഫീസ് അടയ്ക്കാന്‍ വെബ്സൈറ്റ് സര്‍വകലാശാല തുറന്നു നല്‍കുന്നില്ല എന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദിച്ചത് എന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.







