Headlines

ആഞ്ഞട‌ിക്കാൻ ‘മുരശ്’ വരുന്നു; ഒപ്പം കനത്ത മഴയും കാറ്റും; 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

വിശാഖപട്ടണം ∙ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റിന് ‘മുരശ്’ എന്നാണ് പേര്. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത് ഇന്ത്യയാണ്. യുദ്ധവാദ്യമായ പെരുമ്പറ എന്നാണ് അർഥം. നവംബർ 2ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറി നവംബർ 3ന് രാവിലെ തെക്കൻ ആന്ധ്രപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റാകും. മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗത്തിൽ, പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കരതൊടാൻ സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 4വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകരുതെന്ന് അധികൃതർ നിർദേശിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നവംബർ അഞ്ചുവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.