Headlines

അടങ്ങാതെ ഫ്രാൻസിലെ പ്രതിഷേധം; ജർമനിയിൽ ജെൻ സീ റാലി, ഇറ്റലിയിലും പ്രകടനം

പാരിസ് ∙ വർധിക്കുന്ന വിദ്യാഭ്യാസ, ജീവിതച്ചെലവുകൾക്കെതിരെ തുടർച്ചയായ മൂന്നാം വാരാന്ത്യവും ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിനു ചെറുപ്പക്കാർ തെരുവിലിറങ്ങി. അക്രമം തടയാൻ രാജ്യമെങ്ങും 70,000 പൊലീസുകാരെയാണ് വിന്യസിച്ചത്. പാരിസിലെ പ്രതിഷേധറാലി നഗരത്തിനു പുറത്തേക്കു വഴിതിരിച്ചുവിട്ടു.

രാജ്യമെങ്ങും മൂന്നുലക്ഷത്തിലേറെപ്പേർ പ്രകടനങ്ങളിൽ പങ്കെടുത്തെന്നാണു സർക്കാർ കണക്കുകൾ. ജീവിതച്ചെലവുകൾ വർധിക്കുന്നതിനെതിരെ ജർമനിയിലും ഇറ്റലിയിലും ഇന്നലെ പ്രതിഷേധറാലികൾ നടന്നു.

‘ജെൻ സീ റേയ്ഗൽട്ട്’ എന്ന യുവജനസംഘടനയുടെ നേതൃത്വത്തിലാണു ഫ്രാങ്ക്ഫുർട്ട്, ബർലിൻ, മ്യൂണിച്ച് അടക്കം ജർമനിയിലെ 30 നഗരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി നടന്നത്. ഇറ്റലിയിലെ വിവിധ നഗരങ്ങളിലും റാലികൾ നടന്നു. ഇന്നലത്തെ റാലികളിലേറെയും സമാധാനപരമായി നടന്നെങ്കിലും കഴിഞ്ഞമാസം 17നും 24നും നടന്ന ഫ്രാൻസിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ വ്യാപകമായ കൊള്ളയും തീവയ്പും നടന്നിരുന്നു.