Headlines

ഫ്രാൻസിൽ കലാപം ആളിപ്പടരുന്നു, 2,400 പേർ കസ്റ്റഡിയിൽ; പാരിസ് അടക്കമുള്ള നഗരങ്ങളിൽ കർഫ്യൂ

പാരിസ് ∙ കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാൻസിലെ പാരിസ് അടക്കമുള്ള നഗരങ്ങളിൽ അധികൃതർ കർഫ്യു പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തള്ളി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെ നവംബർ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു.കുതിച്ചുയരുന്ന ജീവിതച്ചെലവ്, തകർച്ച നേരിടുന്ന പൊതുസേവന മേഖല, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിലെ യുവജനങ്ങൾ തെരുവിലിറങ്ങിയത്. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ഇതുവരെ 2,400 പേരെ കസ്റ്റഡിയിലെടുത്തു. പാരിസിൽ മാത്രം നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. സ്കൂളുകൾ അടച്ചിട്ടെങ്കിലും പാരിസിലെ ലൂവ്ര് ഗാലറിയിലും സയൻസസ് പോ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം ശക്തമായി തുടരുകയാണ്.

കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി ലൊറന്റ് നൂനെസ് സമർപ്പിച്ച രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നിരസിച്ചു. ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണ് കലാപം രൂക്ഷമാകാൻ കാരണമായതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 60,000 പൊലീസുകാരെ തെരുവിലിറക്കിയിട്ടും അക്രമങ്ങൾക്ക് തടയിടാൻ അധികൃതർക്കായില്ല. സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധം നിയന്ത്രണാതീതമാകുന്ന സാഹചര്യം ഫ്രഞ്ച് ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.