മുംബൈ∙ റിഫൈനിങ് മേഖലയുടെയും ഡിജിറ്റൽ ബിസിനസിലെ വളർച്ചയുടെയും കരുത്തിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച നേട്ടവുമായി റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ സംയോജിത അറ്റാദായം രണ്ടാംപാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 40.6% വർധിച്ചു. ലാഭം 25,548 കോടിയായാണ് ഉയർന്നത്.
ഓയിൽ മുതൽ റീട്ടെയ്ൽ വരെയുള്ള മേഖലകളിൽ സാന്നിധ്യമുള്ള റിലയൻസ് കഴിഞ്ഞ വർഷം ഇതേപാദത്തിൽ 18,165 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻപാദവുമായി താരതമ്യം ചെയ്യുമ്പോഴും ലാഭത്തിൽ വർധനയുണ്ട്. 20,946 കോടി രൂപയായിരുന്നു മുൻ പാദത്തിലെ ലാഭം. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 28% കുതിച്ചുയർന്ന് റെക്കോർഡ് തുകയായ 3.38 ലക്ഷം കോടി രൂപയിലെത്തി. മികച്ച റിഫൈനിങ് മാർജിനാണ് ഈ നേട്ടത്തിനു പിന്നിൽ. ഡിജിറ്റൽ സർവീസസ് വിഭാഗവും മികച്ച പിന്തുണ നൽകി. അതേസമയം, റീട്ടെയ്ൽ മേഖല പിന്നോട്ടുപോയി.
ജിയോ പ്ലാറ്റ്ഫോംസ്:അറ്റാദായം 13.7% ഉയർന്നു
രണ്ടാം പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം 13.7% ഉയർന്ന് 8,389 കോടി രൂപയായി.കമ്പനിയുടെ സംയോജിത വരുമാനം 11.4% ഉയർന്ന് 40,475 കോടി രൂപയിലെത്തി.
കഴിഞ്ഞവർഷം ഇതേപാദത്തിൽ 7,379 കോടി രൂപയായിരുന്നു. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ സംയോജിത അറ്റാദായം 7,765 കോടി രൂപയിൽ നിന്ന് 8 ശതമാനവും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 39,173 കോടി രൂപയിൽ നിന്ന് 3.3 ശതമാനവും ഉയർന്നു. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തതിനുശേഷം ജിയോ പുറത്തുവിടുന്ന ആദ്യ സാമ്പത്തിക ഫലമാണിത്.







