Headlines

68-ാ മത് സ്കൂൾ കായികമേള; സ്വർണക്കപ്പ് ഇത്തവണയും അനന്തപുരിയിലേക്ക്

തിരുവനന്തപുരം: 68-ാ മത് സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. ഗെയിംസിലെയും അക്വാട്ടിക്സിലെയും അപ്രമാദിത്വമാണ് തുടർച്ചയായ മൂന്നാം തവണയും തിരുവനന്തപുരത്തെ ചാമ്പ്യന്മാർ ആക്കിയത്. 2012 പോയിന്റുമായാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം തൂക്കിയത്. 965 പോയിന്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനം. 923 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുo എത്തി.

പാലക്കാടൻ വെല്ലുവിളി മറികടന്ന് മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാമ്പ്യന്മാരായി. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 204 പോയിന്റുമായാണ് മലപ്പുറത്തിന്റെ ഹാട്രിക് കിരീടം നേട്ടം.
പാലക്കാട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് 161 പോയിന്റുമായി. തിരുവനന്തപുരത്തെ മറികടന്ന് 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തേക്ക് ഓടിക്കയറി.

സ്കൂളുകളിൽ മലപ്പുറം ഐഡിയൽ ഈ എച്ച്എസ്എസ് കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാർ. മലപ്പുറം കെഎംഎച്ച്എസ്എസ് ആലത്തിയൂർ രണ്ടും പാലക്കാട് വടവന്നൂർ VMHS മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. സ്പോർട്സ് സ്കൂളുകളിൽ ജിവി രാജ തിരുവനന്തപുരമാണ് ജേതാക്കൾ.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ മീറ്റ് റെക്കോർഡുകൾ കുറഞ്ഞു. 2024 ൽ എറണാകുളത്ത് 8 ഉം 2025 ൽ തിരുവനന്തപുരത്ത് 16 ഉം മീറ്റ് റെക്കോർഡുകൾ ആണ് പിറന്നത്. ഇത്തവണത്തെ ആറിൽ രണ്ട് മീറ്റ് റെക്കോർഡുകൾ സ്ഥാപിച്ചത് തിരുവനന്തപുരം ജി വി രാജയുടെ ശ്രീഹരി കെയാണ്.