Headlines

യുപി എംഎൽസി തിരഞ്ഞെടുപ്പ്: വാരാണസിയിൽ ബിജെപി തോറ്റു; 4 സീറ്റുകളിൽ ജയം

ലക്നൗ∙ ഉത്തർ പ്രദേശ് നിയമസഭയിലെ 11 നിയമസഭാ കൗൺസിലിലേക്ക് (എംഎൽസി) നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 4 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. 2 മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടി വിജയം നേടി. സംസ്ഥാന നിയമനിർമാണ സഭയിലെ ഉപരിസഭയിലെ അംഗങ്ങളാണ് എംഎൽസി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രണ്ട് സഭകളുണ്ട്. ബിരുദധാരികൾക്കുള്ള അഞ്ച് സംവരണ മണ്ഡലങ്ങളിലും അധ്യാപകരുടെ ആറ് മണ്ഡലങ്ങളിലുമാണ് 23ന് തിരഞ്ഞെടുപ്പ് നടന്നത്. പൊതുജനങ്ങൾക്ക് ഈ മണ്ഡലത്തിൽ വോട്ടവകാശമില്ല.മീററ്റിലെ സഹാറൻപുരിൽ (ബിരുദധാരികൾക്കുള്ള സംവരണം) ബിജെപിയുടെ നിലവിലെ എംഎൽസി ദിനേഷ് ഗോയൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി പ്രമോദ് സിങ് ഭാട്ടിയെ 12,855 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. മീററ്റ് മണ്ഡലത്തിൽ (അധ്യാപക സംവരണം) ബിജെപിയുടെ ശ്രീചന്ദ് ശർമ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി നിതിൻ തോമറിനെ 13,241 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി.ബറേലി മൊറാദാബാദ് മണ്ഡലത്തിൽ (അധ്യാപക സംവരണം) ബിജെപിയുടെ ഹരിസിങ് ധില്ലൺ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ഹാജി മുഹമ്മദ് ഡാനിഷ് അക്തറിനെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. ലക്നൗ മണ്ഡലത്തിൽ (അധ്യാപക സംവരണം) നിലവിലെ എംഎൽസി ഉമേഷ് ദ്വിവേദി സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുശീൽ കുമാറിനെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി.വാരാണസി മണ്ഡലത്തിൽ (അധ്യാപക സംവരണം) സമാജ്‌വാദി പാർട്ടിയുടെ നിലവിലെ എംഎൽസി ലാൽ ബിഹാരി യാദവ് ബിജെപി സ്ഥാനാർഥി പ്രമോദ് മിശ്രയെ 4,900 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ രണ്ടാം തവണയാണ് ലാൽ ബിഹാരി യാദവ് വിജയിക്കുന്നത്. ആഗ്ര മണ്ഡലത്തിൽ (അധ്യാപക സംവരണം) ബിജെപി സ്ഥാനാർഥി ഹരി കിഷോർ തിവാരിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ആകാശ് അഗർവാൾ വിജയം നേടി. 2020ൽ സ്വതന്ത്ര സ്ഥാനാർഥിയായി ഇതേ സീറ്റിൽ അഗർവാൾ വിജയിച്ചിരുന്നു.