ജറുസലം ∙ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കമെന്ന് പുതിയ എക്സിറ്റ് പോളുകൾ. പ്രതിപക്ഷത്തിനായിരുന്നു ആദ്യ എക്സിറ്റ് പോളുകളിൽ മുൻതൂക്കം. മുൻ സൈനിക മേധാവിയായ ഗാദി ഐസൻകോട്ടാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. നെതന്യാഹു സഖ്യത്തിന് 52 സീറ്റുകളും ഐസൻകോട്ടിനും മറ്റുള്ളവർക്കും കൂടി 49 സീറ്റുകളുമാണ് ഇസ്രയേലിലെ ചാനൽ 12 പ്രവചിക്കുന്നത്. മറ്റു പ്രധാന ഇസ്രയേലി ടിവി ചാനലുകളെല്ലാം കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്. റെക്കോർഡ് പോളിങാണ് ഇത്തവണത്തേത്.
73,31,981 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. 77.7% പോളിങ് രേഖപ്പെടുത്തി. പാർലമെന്റിൽ ആകെ 120 സീറ്റാണ്. സർക്കാർ രൂപീകരിക്കാൻ പാർട്ടിക്കോ സഖ്യത്തിനോ 61 സീറ്റുകൾ വേണം. പാർലമെന്റിൽ പ്രവേശനം നേടുന്നതിന് വോട്ടിന്റെ 3.25 ശതമാനമെങ്കിലും പാർട്ടികൾ നേടണം. നവംബർ 4ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ചാനൽ 13 പ്രതിപക്ഷ സഖ്യത്തിന് 53 സീറ്റുകളും നെതന്യാഹു സഖ്യത്തിന് 50 സീറ്റും അറബ് പാർട്ടികൾക്ക് 17 സീറ്റുകളുമാണു പ്രവചിക്കുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാകും പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ലിക്കുഡിന് 25 സീറ്റുകൾ വരെ കിട്ടാം. തൊട്ടുപിന്നാലെയുളള ഗാദിയുടെ യഷാർ പാർട്ടിക്ക് 23 വരെ സീറ്റുകൾ കിട്ടാം.
∙ തിരഞ്ഞെടുപ്പ് ഇങ്ങനെ
നെസെറ്റ് എന്നറിയപ്പെടുന്ന പാർലമെന്റിലെ 120 അംഗങ്ങളെയാണ് ജനങ്ങൾ ആനുപാതിക പ്രാതിനിധ്യപ്രകാരം തിരഞ്ഞെടുക്കുന്നത്. വോട്ടർമാർ പാർലമെന്റംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുകയല്ല. പകരം, പാർട്ടികൾ നിർദേശിക്കുന്ന സ്ഥാനാർഥികളുടെ പട്ടികകൾക്കാണ് വോട്ട് ചെയ്യുന്നത്. ലഭിക്കുന്ന വോട്ടിന് ആനുപാതികമായി ഓരോപാർട്ടിക്കും എംപിമാരെ ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് വിവിധ പാർട്ടികളും സഖ്യങ്ങളുമായി കൂടിയാലോചിച്ച് ഒരംഗത്തെ സർക്കാർ രൂപീകരിക്കാൻ നിയോഗിക്കും.









