Headlines

സ്വർണവില കേരളത്തിൽ കുതിച്ചുകയറ്റത്തിൽ; പിടിച്ചുനിർത്താൻ ഡോളറും ഇറാനും, ഒരുലക്ഷത്തിലേക്ക് ഉടനില്ല

സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്കു താഴെ എത്തുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വീണ്ടും മേലോട്ട്. രാജ്യാന്തര വില നേരിയതോതിലാണ് കരകയറിയതെങ്കിലും കേരളത്തിലെ കുതിപ്പിന് അതിനേക്കാൾ വേഗമുണ്ട്. എങ്കിലും, സ്വർണവിലയുടെ വലിയ മുന്നേറ്റത്തിന് തടസ്സംനിൽക്കുകയാണ് ഡോളറും പശ്ചിമേഷ്യയിലെ ശമനമില്ലാത്ത സംഘർഷങ്ങളും.

കേരളത്തിൽ‌ ഇന്നുരാവിലെ വില ഗ്രാമിന് 50 രൂപ വർധിച്ച് 13,135 രൂപയായി. 400 രൂപ ഉയർന്ന് 1,05,080 രൂപയാണ് പവൻവില. കഴിഞ്ഞ 3 പ്രവൃത്തിദിനങ്ങളിലും സ്വർണവില കൂടിയെന്നത് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് നിരാശയാണ്. എന്നാൽ, നിക്ഷേപമായി കണ്ട് പണമിറക്കിയവർക്കും സ്വർണം വിറ്റോ പണയംവച്ചോ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷ നൽകുന്നതാണ് ഈ വിലക്കയറ്റം.

രാജ്യാന്തര സ്വർണവില ഔൺസിന് 4024 ഡോളർ വരെ ഉയർന്നിട്ട് 4004 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇപ്പോഴുള്ളത് 4020 ഡ‍ോളറിൽ. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം നാളെയാണ്. പലിശനിരക്ക് കൂട്ടാനിടയില്ലെന്നാണ് ഭൂരിഭാഗം സാമ്പത്തിക നിരീക്ഷകരും പറയുന്നത്.

എന്നാൽ, ചില നിരീക്ഷകർ ഈമാസം പലിശനിരക്ക് 0.25 ശതമാനവും ഡിസംബറോടെ 0.50 ശതമാനവും വർധിപ്പിക്കുമെന്ന് വാദിക്കുന്നുണ്ട്. ഇതോടെ യുഎസ് ഡോളർ സൂചിക 0.07% ഉയർന്ന് 102.03ൽ എത്തിയതാണ് രാജ്യാന്തര സ്വർണവിലയുടെ കുതിച്ചുകയറ്റത്തിന് തടസ്സമാകുന്ന ഒരുഘടകം.

മറ്റൊന്ന്, പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ്.

സൗദി അറേബ്യയ്ക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണം തുടരുകയാണ്. ടെഹ്റാനിലെത്തി സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമൊന്നും ഉണ്ടായില്ല. ക്രൂഡോയിൽ വില 117 ഡോളറിൽ നിന്ന് താഴ്ന്ന് 114 ഡോളറിൽ എത്തിയെങ്കിലും ഭീഷണി വിട്ടൊഴിയാതെ ഉയർന്നതലത്തിൽതന്നെ തുടരുന്നതും സ്വർണക്കുതിപ്പിന് തടയിടുന്നു.ഇന്ത്യയിൽ, ഡോളറിനെതിരെ രൂപ തളർച്ചയുടെ പാതയിലേക്ക് വീണ്ടും വീണതും സ്വർണവില കൂടാനിടയാക്കി. കഴിഞ്ഞ 3 സെഷനുകളിലും ഡോളറിനെതിരെ താഴ്ന്ന രൂപ ഇപ്പോഴുള്ളത് 95.19ൽ ആണ്. രൂപ ദുർബലമാകുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടുമെന്നത് രാജ്യത്ത് വില കൂടാനിടയാക്കും.

ഇന്നലെ കേരളത്തിൽ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തര സ്വർണവില 4010 ഡോളർ ആയിരുന്നു; ഇന്ന് വിലയിടുമ്പോൾ 4020 ഡോളറും. ഇതോടെ വില സംസ്ഥാനത്ത് കൂടുകയായിരുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 45 രൂപ ഉയർന്ന് 10,750 രൂപയായി. വെള്ളിവിലയിൽ ഇന്നും മാറ്റമില്ല; ഗ്രാമിന് 220 രൂപ.