Headlines

ഗവർണറുടെ ശുപാർശ: തുടർനടപടി എന്ത്? പിഎസ്‌സിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം ∙ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്നു ഗവർണർ രാഷ്ട്രപതിക്കു ശുപാർശ ചെയ്തതിൽ, തുടർനടപടി സംബന്ധിച്ചു പിഎസ്‌സിയിൽ ആശയക്കുഴപ്പം. ഇന്നലെ ചേർന്ന കമ്മിഷൻ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. ഗവർണറുടെ ശുപാർശ രാഷ്ട്രപതി, സുപ്രീം കോടതിക്ക് അയച്ച ശേഷമായിരിക്കും നടപടി സംബന്ധിച്ചു പിഎസ്‌സി തീരുമാനമെടുക്കുക. എന്നാൽ, കാര്യങ്ങൾ വഷളാക്കിയത് ചെയർമാൻ എം.ആർ.ബൈജുവിന്റെ ഏകാധിപത്യനിലപാടാണെന്നു പിഎസ്‌സി അംഗങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ നടത്തിപ്പിൽ പിഴവു സംഭവിച്ചെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടിയിട്ടും ചെയർമാൻ അവഗണിക്കുകയായിരുന്നു. ഇതാണു സ്ഥിതി സങ്കീർണമാകാനും എസ്ഐടി അന്വേഷണത്തിലേക്കു നയിക്കാനും കാരണമായതെന്ന് ഒരുവിഭാഗം അംഗങ്ങൾ കരുതുന്നു. ഗവർണറുടെ ശുപാർശയുടെ പശ്ചാത്തലത്തിൽ, ഭിന്നത രമ്യമായി പരിഹരിച്ച് അംഗങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ പിഎസ്‌സി ചെയർമാന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണു വിവരം.

പിഎസ്‌സിയിലെ ഏതാനും അംഗങ്ങൾ മുഖ്യമന്ത്രിയെ അനൗദ്യോഗികമായി കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളും സമാനരീതിയിൽ മുഖ്യമന്ത്രിക്കു വിവരങ്ങൾ കൈമാറിയിരുന്നു. ചെയർമാനും ഏതാനും അംഗങ്ങളും ഒരുചേരിയിലും ബാക്കിയുള്ളവർ മറുചേരിയിലും നിൽക്കുന്ന സ്ഥിതിയാണ്.