തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിന്റെ തലവനായ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ദീപക് സിംഗാളിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്. ദീപക് സിംഗാളിനെതിരെ ഒരു വിജിലന്‍സ് കേസും ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. 2019ല്‍ അദ്ദേത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്. വിജിലന്‍ ആരോപണം നേരിട്ട പലരും നമ്മുടെ കൂട്ടത്തിലുണ്ട്. അവര്‍ക്ക് ഒരുകാര്യവും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ടാസ്‌ക് ഫോഴ്‌സില്‍ ആരൊക്കെയാണ് ഉള്ളതെന്ന് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് പ്രതിപക്ഷം പരിശോധിക്കണമായിരുന്നു. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്നയാളുകളാണ് സംഘത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാക്‌സ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കെപിസിസിയില്‍ ചോദിച്ചിട്ടാണോ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് പ്രതിപക്ഷം ചോദിക്കുകയുണ്ടായി. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ എകെജി സെന്ററില്‍ ഫയലുമായി പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കെപിസിസിയല്ല ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ നിര്‍ദേശിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ആളുകളുടെ പശ്ചാത്തലം പരിശോധിച്ച് നോളജ് പാര്‍ട്‌ണേഴ്‌സ് ആയിട്ടാണ് അവരെ നിയോഗിച്ചത്. ആരോഗ്യരംഗം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിലെ ചികിത്സാ ചിലവ് സ്വകാര്യമേഖലയില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ മേഖലയെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ സാധാരണക്കാരന് ചികിത്സ നിഷേധിക്കപ്പെടും. ഡോക്ടര്‍മാകെ നിയമിക്കുമ്പോള്‍ നൂറ് എംആര്‍ഐ എന്നും നൂറ്റമ്പത് സിടി സ്‌കാന്‍ എന്നും നിര്‍ദേശിക്കുകയാണ്. ഇത് എടുക്കേണ്ടാത്തവനെക്കൊണ്ടും എടുപ്പിക്കുന്നു. പാവപ്പെട്ടവന്‍ ചൂഷണം ചെയ്യുകയാണ്. അതിനെതിരായ പോരാട്ടം ഈ സര്‍ക്കാര്‍ നടത്തും. യൂറോപ്പിലിരുന്നിട്ടാണ് ഇവിടുത്തെ ബില്ല് തീരുമാനിക്കുന്നത്. സൈലന്‍ഡ് സിന്‍ഡിക്കേറ്റ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ മാറ്റി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഡിഎഫ് നേതൃത്വം നല്‍കുന്നത്. പാവപ്പെട്ടവന്റെ അഭയകേന്ദ്രമാണ് ആശുപത്രികള്‍’, മുഖ്യമന്ത്രി പറഞ്ഞു.
എസ്എംഎ ടെന്ററില്‍ ഒറ്റകമ്പനിയേ പങ്കെടുത്തുള്ളൂവെന്ന ആരോപണത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. PWD റോഡിന്റെയോ പാലത്തിന്റെയോ പണിയല്ല ഇത്. ഈ കമ്പനി മാത്രമാണ് ജെനറിക് മെഡിസിന്‍ ഉണ്ടാക്കുന്നത്. അതൊരു നടപടിക്രമം ആണ്. സുപ്രീം കോടതിയും ഹൈക്കോടതിയും അനുമതി നല്‍കിയതാണ്. കഴുത്തുറയ്ക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ആറരലക്ഷം രൂപയ്ക്ക് മരുന്ന് വിറ്റിരുന്ന റോഷ് കമ്പനിക്ക് വേണ്ടി ഭരണപക്ഷം വാദിക്കരുതെന്നും മുഖ്യമന്ത്രി കടന്നാക്രമിച്ചു.






